മാധവിക്കുട്ടി ചരിത്രം
പാഠഭാഗം
കഥകൾ
കമല, കമലാദാസ് ആയതും മാധവിക്കുട്ടിയായതും കമല സുരയ്യ ആയതും മലയാള മണ്ണിലായിരുന്നു. കമലസുരയ്യ എന്ന പേരിനൊപ്പം ലഭിച്ച വിമര്‍ശനങ്ങളും നോവുകളും ഉള്ളിലടക്കി ജീവിച്ചു അവസാനകാലം. പിന്നീട് എല്ലാ വിവാദങ്ങള്‍ക്കും അവധി നല്‍കി അവര്‍ മടങ്ങുകയും ചെയ്തു.
കൊല്‍ക്കത്തയില്‍ ജീവിക്കുമ്പോഴും പുന്നയൂര്‍ക്കുളത്തെ കുളത്തിലും നീര്‍മാതളത്തിലും സ്വപ്നത്തിന്‍റെ ചിറകില്‍ വന്നെത്തിയിരുന്ന കഥാകാരി ഇന്ന് മലയാള സാഹിത്യലോകത്തിന് നോവിക്കുന്ന ഓര്‍മ്മ മാത്രം! എഴുപത്തിയഞ്ചാം വയസ്സില്‍ പൂനെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ വച്ചാണ് അവര്‍ ലോകത്തോട് വിട ചൊല്ലിയത്.
മതംമാറ്റവും കമലയുടേതായ രീതികളും ഉയര്‍ത്തിയ പ്രതികരണങ്ങള്‍ കഥാകാരിയുടെ മനസ്സിനേല്‍പ്പിച്ച മുറിവുകളാവാം മലയാളത്തിനെ പിരിഞ്ഞ് മറുനാട്ടില്‍ ജീവിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. എന്നാല്‍, പുരസ്കാരങ്ങള്‍ നല്‍കാന്‍ കഴിവില്ലാത്ത, ഒരിക്കല്‍ പോലും നേരിട്ടുകാണാത്ത എത്രയോ സാധാരണക്കാരായ അനുവാചകര്‍ക്ക് തീരാ നഷ്ടമായിരുന്നു കേരളത്തില്‍ നിന്ന് കമല അകന്നു ജീവിച്ചത്.
മലയാളത്തില്‍ ഇനി എഴുതുകയില്ല എന്ന് പറഞ്ഞാണ് കമല സുരയ്യ മറുനാടിന്‍റെ സുരക്ഷയിലേക്ക് വണ്ടികയറിയത്. എന്നാല്‍, മലയാള സാഹിത്യത്തിന് കമല നല്‍കിയ തുടക്കം വിപ്ലവകരമായിരുന്നു. സ്ത്രീപക്ഷമോ പുരുഷ പക്ഷമോ പറയാതെ സ്ത്രീയുടെ വികാര വിചാര തലങ്ങള്‍ തഴുകി തലോടിയാണ് കമലയുടെ കഥകളും നോവലുകളും പിറവികൊണ്ടത്.
സ്ത്രീകളുടെ സ്നേഹം അത് അടിമപ്പെടലിന്‍റെ വര്‍ണനയായി കാണാതെ ഭവിഷ്യത്തുകളെ കുറിച്ച് ആലോചിക്കാതെ സ്നേഹം നല്‍കിയും നേടിയും തിരിച്ചുകിട്ടാതെ വിലപിച്ചും സുധീരമായ സാഹിത്യ രചന നടത്തിയ കമല സാമൂഹിക വ്യവസ്ഥിതികളുടെ ആഴത്തിലും കടുപ്പത്തിലുമുള്ള വേരുകള്‍ നമുക്ക് മുന്നില്‍ വരച്ചുകാട്ടി, കഥകളിലൂടെയും ജീവിതത്തിലൂടെയും.
ശുദ്ധ സംഗീതം പോലെ സുന്ദരമായ യാത്ര, അതായിരുന്നു മലയാളത്തിന്‍റെ മാധവിക്കുട്ടി നാലപ്പാട്ട് തറവാടില്‍ നിന്ന് തുടങ്ങി പുനെയില്‍ അവസാനിപ്പിച്ചത്. സ്വയം കണ്ടെത്തിയ വഴിയേ അവര്‍ നടന്നു. പിന്നിട്ട വഴികളില്‍ അനശ്വരതയുടെ അലുക്കുകളുമായി നില്‍ക്കുന്ന അക്ഷരക്കൂട്ടങ്ങളെ സൃഷ്‌ടിച്ചു. വഴിമാറി നടന്ന അവരുടെ സാഹിത്യജീവിതത്തെ അപവാദങ്ങള്‍ പൊതിഞ്ഞപ്പോള്‍, അതിനെയെല്ലാം മൂടല്‍മഞ്ഞു പോലെ നീക്കി കളയാന്‍ അവര്‍ക്ക് കഴിഞ്ഞു.
മാറ്റത്തിന്‍റെ വഴികളില്‍ സ്വയം പ്രതിഷ്ഠിച്ച ജീവിതമായിരുന്നു അവരുടേത്. കവയിത്രി ബാലാമണിയമ്മയുടേയും മാതൃഭൂമി മുന്‍ മാനേജിങ് എഡിറ്റര്‍ വി എം നായരുടേയും മകളായി 1932 മാര്‍ച്ച് 31ന് പാലക്കാട്ട് പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ടു തറവാട്ടിലായിരുന്നു കമലാസുരയ്യയുടെ ജനനം.
മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ് എന്ന പേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതി. രണ്ടു ഭാഷകളിലും ഏറെ ആരാധകരെ സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു കമലയുടേത്. പരേതനായ മാധവദാസ് ആണ് ഭര്‍ത്താവ്. മക്കള്‍ എം ഡി നാലപ്പാട്, ചിന്നന്‍ ദാസ്, ജയസൂര്യ ദാസ്.
വിവാഹ ശേഷമാണ് കമല സാഹിത്യലോകത്തില്‍ സജീവമായത്. 1999ല്‍ തന്‍റെ അറുപത്തഞ്ചാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായി. മതം മാറാനുള്ള അവരുടെ തീരുമാനം മലയാളത്തില്‍ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ചെറുതല്ലായിരുന്നു. വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ നാലുദിക്കില്‍ നിന്നും ഒരുമിച്ച് ആക്രമിച്ചപ്പോഴും തന്‍റെ തീരുമാനം അവര്‍ കൈവിട്ടില്ല.
ഊമക്കത്തുകളില്‍ നിന്നും, കൊച്ചിയിലെ മനം മടുപ്പിക്കുന്ന മാലിന്യത്തില്‍ നിന്നും, അപവാദങ്ങളില്‍ നിന്നും മോചനം നേടിയാണ് 2007ല്‍ കമല സുരയ്യ പുനെയിലേക്ക് താമസം മാറിയത്. അവസാനനാളുകള്‍ ഇളയ മകന്‍ ജയസൂര്യയ്‌ക്കൊപ്പം പുനെയിലെ ഫ്‌ളാറ്റിലായിരുന്നു അവര്‍ ചെലവഴിച്ചത്.
ചെറുകഥകളായിരുന്നു കമലയുടെ ഇഷ്‌ടമേഖല. ഇടയ്ക്ക് നോവലുകളില്‍ കൈവെച്ചെങ്കിലും തനിക്ക് പറ്റുന്നിടം ചെറുകഥയുടെ വലിയ ലോകമാണെന്ന് അവര്‍ മനസ്സിലാക്കി. ജീവിതഗന്ധിയുള്ള രചനകള്‍ അവരുടെ തൂലികയില്‍ നിന്നു വിടര്‍ന്നപ്പോഴൊക്കെ കപട സദാചാരത്തിന്‍റെ മലയാളിക്കണ്ണ് അവിടെയെല്ലാം എത്തിനോക്കി.
പറയാനുള്ളത് ആരെയും ഭയക്കാതെ, പുരുഷനേക്കാള്‍ ധൈര്യത്തോടെ കമല പറഞ്ഞു. പലരും പറയാന്‍ കൊതിച്ചതും, എന്നാല്‍ പറയാന്‍ ഭയന്നതുമായ കാര്യങ്ങള്‍ തന്‍റെ രചനകളില്‍ സുന്ദരമായ ചിത്രം പോലെ കോറിയിട്ടപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ ചെറുതല്ലായിരുന്നു. മലയാളി ‘എന്‍റെ കഥ’ ആവര്‍ത്തിച്ചു വായിച്ചതും, ഇപ്പോഴും വിമര്‍ശനങ്ങളുയര്‍ത്തുന്നതും പറയാനുള്ളത് പച്ചയായി പറഞ്ഞ അവരുടെ ധൈര്യത്തോടുള്ള അസൂയ മൂലമാണ്.
ലോകസാഹിത്യ തറവാട്ടില്‍ തന്‍റേതായ പങ്ക് നല്‍കിയിട്ടാണ് അവര്‍ ജീവിതത്തില്‍ നിന്ന് നടന്നകന്നത്. മലയാളത്തില്‍, മതിലുകള്‍, തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, നഷ്‌ടപ്പെട്ട നീലാംബരി, തണുപ്പ്, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്‍റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാലസ്‌മരണകള്‍, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍ എന്നിവയും ഇംഗ്ലീഷില്‍, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ് ഓഫ് ലസ്റ്റ്, ദ് ഡിസന്റന്‍സ്, ഓള്‍ഡ് പ്ലേ ഹൗസ്, കളക്‌റ്റഡ് പോയംസ് എന്നീ കവിതാസമാഹാരങ്ങളും അവരുടെ പ്രശസ്തങ്ങളായ കൃതികളാണ്.
1984 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് അവരുടെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആശാന്‍ വേള്‍ഡ് പ്രൈസ്, ഏഷ്യന്‍ പൊയട്രി പ്രൈസ്, കെന്‍റ് അവാര്‍ഡ്, എഴുത്തച്‌ഛന്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കമലയെ തേടിയെത്തി. ഇലസ്‌ട്രേറ്റഡ് വീക്കിലി ഒഫ് ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി പ്രസിഡന്‍റ്, കേരള ഫോറസ്‌റ്ററി ബോര്‍ഡ് ചെയര്‍മാന്‍, ''പോയറ്റ്'' മാസികയുടെ ഓറിയന്‍റ് എഡിറ്റര്‍ എന്നീ പ്രമുഖ സ്‌ഥാനങ്ങള്‍ വഹിച്ചിരുന്നു
Comments
Post a Comment