World environment day celebration 2020 @ lockdown period
Notice
പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനും ആയിട്ടാണ് 1972 ജൂൺ 5 മുതൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതിദിനാചരണത്തിന് തുടക്കം കുറിച്ചത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക. അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനം നിലനിർത്തുക, കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കുക എന്നതാണ് ഓരോ പരിസ്ഥിതി ദിനാചരണത്തിൻ്റെയും ലക്ഷ്യം. അന്തരീക്ഷത്തിലെ കാർബൺൻ്റെ അളവ് കുറയ്ക്കുക അതുവഴി ഓസോൺ പാളിയിലെ വിള്ളലിന് കാരണമാകുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഹരിതഗൃഹവാതകങ്ങൾ പരമാവധി കുറയ്ക്കുവാനുള്ള ശേഷി കൈവരിക്കുക എന്നതും ഈ ദിവസങ്ങളുടെ ലക്ഷ്യമാണ്.
ജനസംഖ്യയും വാഹനപ്പെരുപ്പവും തമ്മിൽ മത്സരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. കൊടും ചൂടും അതിശൈത്യവും പ്രവചനങ്ങൾ തെറ്റിക്കുന്ന കാലം. പ്രളയം കണ്ട നാട്ടിൽ ഇപ്പോഴും അർഥശൂന്യമായി മലകൾ ഇടിക്കുമ്പോൾ കേവലം മരം നട്ട്, ഒരു ദിവസത്തെ ആഘോഷം കൊണ്ട് പരിസ്ഥിതിയെ ഓർക്കുക എന്നതല്ല പരിഹാരം. എങ്കിലും ഇല്ലാതാകുന്ന പച്ചപ്പിനെയും ആവാസവ്യവസ്ഥയേയും തിരികെ പിടിക്കാനുള്ള ശ്രമമാകണം ഓരോ പരിസ്ഥിതി ദിനവും. അല്ലെങ്കിൽ പ്രകൃതി തന്നെ പോംവഴി കണ്ടെത്തും.അത് മനുഷ്യ നിർവചനങ്ങൾക്ക് അപ്പുറമായിരിക്കും.
ആമസോൺ വനങ്ങളും മനോഹരമായ ഓസ്ട്രേലിയൻ താഴ്വരകളും കത്തിയമർന്നപ്പോഴും നമ്മൾ വെള്ളം കൊണ്ട് മൂടിയപ്പോഴും കാറ്റ് ഇടവിട്ടിടവിട്ട് ആടിത്തിമിർത്തപ്പോഴും നമ്മൾ പഠിച്ചില്ല! പക്ഷേ നോക്കൂ...... നമുക്ക് ചുറ്റും നോക്കൂ. കൊറോണ എന്ന മഹാമാരി, അതിലൂടെ ലോകം തന്നെ അടച്ചിടേണ്ടി വന്നു. അത് ഇന്നും തുടരുന്നു. എന്നാൽ ഈ ലോക് ഡൗൺ മനുഷ്യരെ വലച്ചെങ്കിലും പ്രകൃതിയ്ക്ക് വളരെ ആശ്വാസകരമായ എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.നാശത്തിൽ നിന്നും നാശത്തിലേക്ക് എന്ന് കരുതിയ പരിസ്ഥിതിയുടെ മേൽ മനുഷ്യൻ ഏൽപ്പിക്കുന്ന ആഘാതത്തെ താൽക്കാലികമായെങ്കിലും തടഞ്ഞുനിർത്താൻ ലോക്ഡൗണിനായി. അല്ലെങ്കിൽ സ്വയം നവീകരണത്തിന് പ്രകൃതി അടച്ചിടൽ അവസരമാക്കിയിരിക്കുന്നു എന്ന് പറയാം.
വ്യവസായശാലകൾ അടഞ്ഞുകിടക്കുകയും നഗരമാലിന്യങ്ങൾ ഗണ്യമായി കുറയുകയും ചെയ്തതോടെ അന്തരീക്ഷത്തിൻ്റെയും ജലസ്രോതസ്സുകളുടെയും ഗുണനിലവാരം മെച്ചപ്പെട്ടുവെന്ന് പറയുന്ന ഒട്ടേറെ റിപ്പോർട്ടുകൾ ഈ അടുത്തകാലത്ത് പുറത്തുവന്നു. ഓസോൺ പാളി അടഞ്ഞുവെന്നും ഹിമാനികളുടെ ഉരുകൽ തോത് കുറഞ്ഞുവെന്നും വംശനാശഭീഷണി നേരിടുന്ന സസ്യജന്തുജാലങ്ങളെ ധാരാളമായി കാണുന്നു എന്നും ഉള്ള റിപ്പോർട്ടുകൾ ആശാവഹമാണ്.
എന്നാൽ മനുഷ്യനെ മാറ്റിനിർത്തിക്കൊണ്ട് പാരിസ്ഥിതിക ദർശനം പൂർണമാകില്ല. ഇത് തിരിച്ചറിയേണ്ടത് നാം ഓരോരുത്തരുമാണ്. ഒരുപക്ഷേ പ്രകൃതി സ്വയം നവീകരണം ഏറ്റെടുത്താൽ അത് മനുഷ്യകുലത്തിൻ്റെ തന്നെ നാശത്തിനു വഴിയൊരുക്കും. ഇത് മനസ്സിലാക്കി കൊണ്ട് നമ്മുടെ ജീവൻ പ്രകൃതിയിലെ ഓരോ അണുവിലും ആണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു ലോകമായി മാറാൻ ഓരോ പ്രകൃതി ദിനങ്ങൾക്കും ആകണം. കവി പാടിയത് പോലെ "ഭൂമി ഇനിയും മരിച്ചിട്ടില്ല" ആ ജീവൻ നിലയ്ക്കാതിരിക്കാൻ കുറച്ചു സമയം നമുക്ക് നമ്മുടെ ജീവനായി മാറ്റിവയ്ക്കാം.
Introduction
Program full video
Comments
Post a Comment