ചങ്ങമ്പുഴ കവിതകൾ
കവിത്രയത്തിന്റെ (കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍) ജീവിതകാലം മലയാള കവിതയുടെ സുവര്‍ണ്ണകാലം തന്നെയായിരുന്നു. അതിനുശേഷം മറ്റൊരു വസന്തം ഭാഷയില്‍ തളിര്‍ക്കുന്നത് ഇടപ്പള്ളികവികള്‍ എന്നു പേരുകേട്ട ഇടപ്പള്ളിയുടെയും ചങ്ങമ്പുഴകൃഷ്‌ണപിള്ളയുടെയും മറ്റും കാലമായപ്പോഴാണ്. സമകാലികരായ മറ്റു കവികളെ ഇവിടെ വിസ്‌മരിക്കുന്നില്ല. കാല്‌പനികത തന്നെ ഇവരുടെ കവിതകളിലൂടെ വിശേഷിച്ച് ചങ്ങമ്പുഴ കവിതകളിലൂടെ നൂതനമായ ഭാവുകത്വവും സംവേദനതലവും ഭാഷയില്‍ സൃഷ്ടിക്കുകയായിരുന്നു.
ചങ്ങമ്പുഴകൃഷ്‌ണപിള്ള 1911 ഒക്ടോബര്‍ 10 ന് (1087 കന്നിമാസം 24 ന്) ഇടപ്പള്ളിയിലെ ഒരു പുരാതന കുടുംബത്തില്‍ ജനിച്ചു. പിതാവ് തെക്കേടത്ത് നാരായണമേനോന്‍. മാതാവ് പാറുക്കുട്ടി അമ്മ. നാരായണമേനോന്‍ വക്കീല്‍ ഗുമസ്‌തനായിരുന്നു. കൃഷ്‌ണപിള്ളയുടെ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്നത് ഇടപ്പള്ളി എം.എം. ബോയ്‌സ് സ്‌കൂളില്‍. കവിതാ പാരമ്പര്യം ഒന്നുമില്ലാത്തതായിരുന്നു ചങ്ങമ്പുഴ കുടുംബം. കൃഷ്‌ണപിള്ളയാകട്ടെ ബാല്യകാലത്തു തന്നെ തന്റെ മനസ്സിനെ മഥിക്കുന്ന സംഭവങ്ങളെ പദ്യരൂപത്തില്‍ എഴുതുന്ന ശീലമുണ്ടായിരുന്നു. അക്കാലത്ത് ഡൊസ്റ്റോയ്‌വ്‌്‌സ്‌കി യുടെ 'കുറ്റവും ശിക്ഷയും' വിവര്‍ത്തനം ചെയ്‌ത ഇടപ്പള്ളി കരുണാകരമേനോനുമായി പരിചയം സ്ഥാപിക്കാനായത് ഈ കൗമാരക്കാരന്റെ കവിതാവാസനയെ ഒട്ടൊന്നു ജ്വലിപ്പിക്കുവാന്‍ സഹായകമായി. 1927-ല്‍ മിഡില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ആലുവാ സെന്റ് മേരീസ് സ്‌കൂളില്‍ പഠനം തുടര്‍ന്നു. കുറ്റിപ്പുഴ കൃഷ്‌ണപിള്ളയുമായി പരിചയം സ്ഥാപിച്ചത് വിശ്വസാഹിത്യത്തിലേക്കുള്ള വഴിതുറക്കാന്‍ ഇടയാക്കി. ചങ്ങമ്പുഴയുടെ ആദ്യ കവിതയുടെ പിറവി 'പൗരസ്‌ത്യദൂതന്‍' എന്ന മാസികയിലൂടെയായിരുന്നു. 'മംഗളം' എന്നായിരുന്നു കവിതയുടെ പേര്. തുടര്‍ന്ന് മാതൃഭൂമി, മലയാളരാജ്യം ദ്വീപിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ ഈ യുവ കവിയുടെ കവിതകള്‍ വെളിച്ചം കണ്ടു തുടങ്ങി.
ഹൈസ്‌കൂള്‍ പഠനകാലത്ത് അധ്യാപകനായിരുന്ന അച്യുതവാര്യര്‍ ചങ്ങമ്പുഴയുടെ സാഹിത്യജീവിതത്തില്‍ ചെലുത്തിയ സ്വാധീനം എടുത്തു പറയേണ്ടതാണ്. തനിക്കു പത്തു വയസ്സുള്ളപ്പോള്‍ ചങ്ങമ്പുഴയ്‌ക്ക് പിതാവിനെ നഷ്ടപ്പെട്ടിരുന്നു. യൗവ്വനാരംഭത്തില്‍ ജീവിതം താറുമാറാകാന്‍ പോന്ന ദുശ്ശീലങ്ങളുടെ പിടിയില്‍ കവി ചെന്നു പെടുകയും ചെയ്‌തിരുന്നു. ഇതു കണ്ടറിഞ്ഞ വാര്യര്‍സാര്‍ തന്റെ മഠത്തില്‍ യുവകവിക്ക് എഴുതുവാനും വായിക്കുവാനുമുള്ള സൗകര്യങ്ങള്‍ ചെയ്‌തു കൊടുത്തു. അത് ഫലം കാണുകയും ചെയ്‌തു. വാര്യരുടെ വീട്ടു പേരു ചേര്‍ത്ത് 'സാഹിതീ സദനം സി.കൃഷ്‌ണപിള്ള' എന്ന പേരില്‍ മൂന്നുകൊല്ലത്തോളം ചങ്ങമ്പുഴ കൃഷ്‌ണപിള്ള കവിതകളെഴുതി.
1933-ല്‍ കൃഷ്‌ണപിള്ള 10 ാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സാഹിത്യസമാജത്തിന്റെ വാര്‍ഷികാഘോഷം ഇടപ്പള്ളിയില്‍ നടക്കുന്നത്. സംഘടനയുടെ സെക്രട്ടറിപദം ഈ 10 ാം ക്ലാസ്സുകാരനായിരുന്നു. കൃഷ്‌ണപിള്ളയക്ക് 17 മുതല്‍ 21 വയസ്സു വരെ പ്രായമുണ്ടായിരുന്ന കാലയളവില്‍ രചിച്ച കവിതകള്‍ 'ബാഷ്‌പാഞ്‌ജലി' എന്ന പേരില്‍ 1934-ല്‍ പ്രസിദ്ധീകൃതമായി. ഇ.വി.കൃഷ്‌ണപിള്ളയുടെ അവതാരികയോടെയാണ് അതു പുറത്തു വന്നത്. വളരെ ചെറു പ്രായത്തിലെഴുതിയ കവിതകളുടെ ഈ സമാഹാരം വായനാലോകത്തെ ഒട്ടൊന്നുമല്ല അതിശയിപ്പിച്ചത്. ഈ വിജയത്തെതുടര്‍ന്ന് 1935-ല്‍ 'ഹേമന്തചന്ദ്രികയും' 'ആരാധകനും' പ്രസിദ്ധീകരിച്ചു. അക്കാലത്തെഴുതിയ ചില കവിതകള്‍ പ്രമുഖ നിരൂപകരെ ചൊടിപ്പിക്കുകയും അവരുടെ വിമര്‍ശനങ്ങള്‍ ഫലത്തില്‍ ചങ്ങമ്പുഴയെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുവാനും ഇടയാക്കി.
1936-ല്‍ ചങ്ങമ്പുഴ മഹാരാജാസ് കോളേജില്‍ ചേരുകയും 1938-ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സാവുകയും ചെയ്‌തു. ഇതിനിടെ അതായത് 1936 ജൂലായ് 7 ന് ആയിരുന്നു തന്റെ ഉറ്റ ചങ്ങാതിയും കവിയുമായ ഇടപ്പള്ളി രാഘവന്‍ പിള്ള ആത്മഹത്യ ചെയ്‌തത്. ഇത് സ്വാഭാവികമായും കവിയില്‍ കനത്ത ആഘാതമാണുണ്ടാക്കിയത്. 1936 ജൂലായ് 20 ന് മാതൃഭൂമി ആഴ്‌ചപതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട 'തകര്‍ന്ന മുരളി' എന്ന കവിത ഇടപ്പള്ളിയുടെ വേര്‍പാട് ചങ്ങമ്പുഴയിലുണര്‍ത്തിയ വേദനയുടെ ആവിഷ്‌കാരമായിരുന്നു. പ്രേമനൈരാശ്യം കൊണ്ടു ജീവനൊടുക്കിയ ഇടപ്പള്ളിയുടെ ദുരന്തകഥ ചങ്ങമ്പുഴയെ 'രമണന്‍' രചിക്കുവാനിടയാക്കി. മലയാള കവിതയിലെ ഒരു നാഴികകല്ലായിത്തീര്‍ന്നു ആ ഖണ്ഡകാവ്യം. ചങ്ങമ്പുഴ പിന്നീട് തിരുവനന്തപുരത്ത് ആര്‍ട്‌സ് കോളേജില്‍ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) ബി.എ. ഓണേഴ്‌സിനു ചേരുകയും ബിരുദമെടുക്കുകയും ചെയ്‌തു.
1940 മേയ്‌മാസം 9 ന് ചങ്ങമ്പുഴ കൃഷ്‌ണപിള്ള വിവാഹിതനായി. പ്രൈമറിക്ലാസ്സില്‍ തന്റെ ഡ്രോയിംഗ് മാസ്റ്ററായിരുന്ന സി.കെ രാമന്‍ മേനോന്റെ മകള്‍ ശ്രീദേവിയായിരുന്നു വധു.
1942 നവംബറില്‍ ചങ്ങമ്പുഴ പൂനയിലെ മിലിട്ടറി സിവിലിയന്‍ സര്‍വ്വീസില്‍ ക്ലാര്‍ക്കായി ചേര്‍ന്നു. പിന്നീട് കൊച്ചിയിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയും ചെയ്‌തു. കുടുംബജീവിതം ഒരു വിധം ഭംഗിയായി മുന്നോട്ടു പോകുമ്പോഴാണ് കവി ഒരു പുതിയ പ്രണയബന്ധത്തിലേര്‍പ്പെടുന്നത്. 1944-45 കാലഘട്ടത്തില്‍ എഴുതിയ 'സ്‌പന്ദിക്കുന്ന അസ്ഥിമാടം', 'ഓണപ്പൂക്കള്‍', എന്നീ കവിതകളില്‍ ഈ പ്രണയത്തിന്റെ ഭാവസ്‌ഫുരണങ്ങള്‍ കാണാവുന്നതാണ്. അക്കാലത്ത് ഫലപ്രദമായ ചികിത്സ ലഭ്യമല്ലായിതിരുന്ന ക്ഷയരോഗം ചങ്ങമ്പുഴയെ ബാധിച്ചു എന്നതാണ് പിന്നീടുണ്ടായ ദുരന്തം. എങ്കിലും മനസ്വിനി, കാവ്യനര്‍ത്തകി, മയക്കം തുടങ്ങി ഒട്ടേറെ കവിതകള്‍ രചിച്ചത് രോഗബാധിതനായ ശേഷമാണ്. ഇക്കാലത്ത് തന്നെ സഹായിച്ചവരോടുള്ള നന്ദിപ്രകാശനമായി അവസാന രചന 'നീറുന്ന തീച്ചൂള' എന്ന കവിതയെ കാണാവുന്നതാണ്. 1948 ജൂണ്‍ 17 ന് ചങ്ങമ്പുഴ കൃഷ്‌ണപിള്ള എന്ന മഹാകവി അന്ത്യശ്വാസം വലിച്ചു.
ചങ്ങമ്പുഴക്കവിതകള്‍ ആ കാലഘട്ടത്തിലെ യുവാക്കള്‍ക്ക് സ്വന്തം വികാരങ്ങളുടെ ആവിഷ്‌കരണം തന്നെയായിരുന്നു. ദാര്‍ശനിക തലം ഒരു പക്ഷേ ദീപ്‌തി കുറഞ്ഞിരുന്നതായാലും ചങ്ങമ്പുഴയുടെ വിഷാദം ആ തലമുറയുടേതായിരുന്നു. തൊഴിലാളികളില്‍ വര്‍ഗ്ഗബോധം രൂപപ്പെട്ടു തുടങ്ങിയ കാലഘട്ടത്തില്‍ വിപ്ലവം കുറഞ്ഞൊരളവില്‍ ചങ്ങമ്പുഴ കവിതകളിലും കണ്ടു തുടങ്ങിയിരുന്നു. എന്നാല്‍ മലയാളികളിള്‍ മനസ്സില്‍ താലോലിച്ചത് ചങ്ങമ്പുഴ എന്ന പ്രേമഗായകനെയായിരുന്നു. സ്വതവേ വിഷാദിയായ ചങ്ങമ്പുഴയ്‌ക്ക് സുഹൃത്തിന്റെ ആത്മഹത്യ ഒരു വലിയ നടുക്കമായിരുന്നു. 'രമണ'നിലൂടെ ഇടപ്പള്ളിയും ചങ്ങമ്പുഴയും അനശ്വരനാവു കയാണുണ്ടായത്. 'ആരണ്യകവിലാപകാവ്യം' മലയാള സാഹിത്യചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്‌തു. രമണന്‍ ഉള്‍പ്പെടെ പതിനൊന്നു ഖണ്ഡകാവ്യങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒട്ടനേകം കവിതകള്‍ക്കു പുറമേയാണിത്
Comments
Post a Comment